കണ്ണൂർ: കഴിഞ്ഞ ദിവസം താൻ കൊടുങ്ങല്ലൂർ കാവിൽ പോയത് ഭക്തനായിട്ടല്ലെന്നും താനെഴുതിക്കൊണ്ടിരിക്കുന്ന സനാതനികളുടെ ഹിന്ദുത്വവഴികൾ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണെന്നും പി.ജയരാജൻ.
എന്നാൽ ചില ദൃശ്യമാധ്യമങ്ങൾ തന്റെ സന്ദർശനത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയരാജൻ ക്ഷേത്രദർശനത്തിനെത്തിയതാണെന്നു ബിജെപി ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിലാണ് പി.ജയരാജൻ നിലപാട് വിശദീകരിച്ചത്. തന്റെ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാര രീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണെന്നും കുറിപ്പിൽ പറയുന്നു.
കമ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് താൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നൽകിയതെന്നു വാർത്ത നൽകിയത്.
കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിലും അജ്മീർ ദർഗയിലും പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലും നിരവധി ക്രൈസ്തവ പള്ളികളിലും പോയിട്ടുണ്ട്. ഇതൊന്നും ഭക്തിയുടെ ഭാഗമായല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസിലാക്കാനാണെന്നും കുറിപ്പിലു ണ്ട്.